പത്രങ്ങള്‍ ധര്‍മ്മം മറന്നപ്പോള്‍ നട്ടെല്‍ നിവര്‍ത്തി പത്രധര്‍മ്മം കാണിച്ചുകൊടുത്ത സിറാജ് പത്രത്തിന് സോഷ്യല്‍ മീഡിയയുടെ അഭിനന്ദനപ്രവാഹം


പത്രങ്ങള്‍ ധര്‍മ്മം മറന്നപ്പോള്‍
നട്ടെല്‍ നിവര്‍ത്തി പത്രധര്‍മ്മം കാണിച്ചുകൊടുത്ത
സിറാജ് പത്രത്തിന് ട്രോളുകളിലൂടെയും അല്ലാതെയും
സോഷ്യല്‍ മീഡിയയുടെ അഭിനന്ദനപ്രവാഹം

സിറാജ് പത്രത്തിനെ പറ്റി മാധ്യമം ന്യൂസ് റിപ്പോർട്ടർ ഹസനുൽ ബന്ന ✍
പട്ടിണി മാറ്റാൻ പോരാടി വീരമൃത്യു വരിച്ച മധുവിനോട് മലയാള പത്രങ്ങൾ ഇന്ന് കാണിച്ച ആദരവിന്റെ ആവേശം കണ്ടപ്പോൾ വൈകി കിട്ടിയതായിരുന്നെങ്കിലും ഇന്നലെ എന്ത് കൊണ്ട് ഈ സെൻസും സെൻസിബിലിറ്റിയുമൊന്നും കാണിച്ചില്ലെന്ന് ചോദിക്കാതെ വയ്യ. ന്യൂസ് ഡസ്കുകളിൽ വാർത്തകൾ വൈകി വരുന്നത് അപൂർവ പ്രതിഭാസമല്ലല്ലോ. വൈകിയുണ്ടാകുന്ന ഭൂകമ്പങ്ങൾ പോലും അവസാനമടിക്കുന്ന എഡിഷനുകളുടെ തലക്കെട്ട് പൊളിച്ച് ലീഡാക്കുന്ന ന്യൂസ് ഡസ്കുകൾക്ക് രാജ്യത്തെ മുഴുവൻ കുലുക്കുന്ന ഒരു വാർത്ത തിരിച്ചറിയാനാകാതെ പോയത് വലിയൊരു ദുരന്തം തന്നെയാണ്. വാർത്ത എഴുതി അയച്ച മലയാള പത്രങ്ങളുടെ ലേഖകരും അതേറ്റു വാങ്ങിയ ബ്യൂറോകളും എഡിറ്റ് ചെയ്ത ന്യൂസ് എഡിറ്റർമാരും പേജിൽ വെച്ച സബ് എഡിറ്റർമാരും മധുവിനോടും വായനക്കാരോടും ചെയ്ത ഈ അപരാധത്തിന് കൂട്ടുത്തരവാദികളാണ്. എന്തൊക്കെ ന്യായങ്ങൾ അതിന് നിരത്തിയാലും.


നന്നെ ചുരുങ്ങിയത് കിട്ടിയ വാർത്ത കൊടുക്കുന്ന പേജിൽ ഇത് പോലൊരു തലക്കെട്ടിട്ട് നൽകാൻ “സിറാജ് ‘ പത്രം കാണിച്ച സെൻസും സെൻസിബിലിറ്റിയും സെൻസിറ്റീവിറ്റിയും മറ്റു മലയാള പത്രങ്ങൾക്കൊന്നിനും വ്യാഴാഴ്ച രാത്രിയുണ്ടായില്ലെന്ന് സമ്മതിചേ മതിയാകൂ. ന്യൂസ് എഡിറ്റർക്ക് അത് മുൻ പേജിൽ വെക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ വാർത്തയെഴുതിയ സിറാജ് ലേഖകനും പേജിൽ വെച്ച സബ് എഡിറ്റർക്കും വെള്ളിയാഴ്ച രാവിലെ തന്നെ തങ്ങളുടെ വായനക്കാരെ നിജസ്ഥിതി അറിയിക്കാൻ കഴിഞ്ഞു. അഭിനന്ദനമറിയിക്കുന്നു അവരിരുവരും. ഇത്തരത്തിലാണ് പത്രപ്രവർത്തനത്തിന്റെ പോക്കെങ്കിൽ ഈ വാർത്തയുടെ മുകളിലെ കാലാവസ്ഥാ പ്രവചനം പോലെ മലയാള പത്രങ്ങളുടെ ഭാവിയും വരണ്ടതാകും . ശമ്പളവും അലവവൻസും കിട്ടാൻ അവകാശസമരം നടത്തുന്ന എന്നെ പോലുള്ള പത്രപ്രവർത്തകരും അവർ പ്രവർത്തിക്കുന്ന യൂനിയനുകളും പത്രം പണം കൊടുത്തു വാങ്ങുന്ന വായനക്കാരന്റെ അറിയാനുള്ള അവകാശം ഹനിച്ച് അവരെ പത്ര വായനയിൽ നിന്നകറ്റിയാൽ മധുവിന്റെ വിധിയായിരിക്കും നമ്മെയും മക്കളെയും കാത്തിരിക്കുന്നത് എന്നോർക്കുന്നത് നന്ന്. 24 മണിക്കൂറിലേറെ ലോകം ചവച്ച് തുപ്പിയ ചർവിത ചർവണം ലീഡാക്കി വിളമ്പാൻ വലിയ സാമർഥ്യമൊന്നും വേണ്ട.

Be the first to comment

Leave a Reply

Your email address will not be published.


*